Tuesday, May 28, 2013

കവിത - കാലം കണക്ക് പറയുമ്പോള്‍


കാലം കണക്ക് പറയുമ്പോള്‍

കൃത്യമായ് സൂക്ഷിച്ച നാള്‍വഴിയേടുകള്‍
തിരിഞ്ഞു നിന്നെന്നോട് കണക്ക്ചോദിക്കുന്നു.
ഉത്തരമില്ലാ സമസ്യകള്‍ തീര്‍ക്കുന്നു.
ചക്രവ്യൂഹങ്ങള്‍ പലതുമൊറ്റയ്ക്ക്
വളരെ പണിപ്പെട്ടു താണ്ടിയിട്ടുണ്ട്ഞാന്‍.
എന്നിട്ടുമെന്തേ തളര്‍ന്നുപോയിന്നു ഞാന്‍?

കാലം വിരിച്ചിട്ട ചരല്‍കല്ലാല്‍ മൂടിയ
ഒറ്റയടിപാതയോരത്ത് ഞാന്‍
ചുമടിറക്കീടുവാന്‍ അത്താണി കാണാതെ
അറിയില്ല, വൈതരണിയിതെങ്ങനെ താണ്ടുവാന്‍?
കുത്തറ്റുപോയൊരീ കണക്കിന്റെ പുസ്തക
താളിലെ അക്കങ്ങള്‍ ഇന്ന് മുഖം
തിരിച്ചെന്നോട് ചുണ്ട് വക്രിക്കുന്നു.

ദിക്ക് ചൂണ്ടിപലക നിര്‍ദ്ദയം
ദിശ മാറ്റി നടത്തിയോ?
ഒടുവിലെന്നോട് കയര്‍ക്കുന്നുവോ?
നിനക്കു ഞാന്‍ തന്ന ദിശാസൂചകങ്ങള്‍
നീ പാടെ മറന്നെന്ന് കുറ്റപ്പെടുത്തിയോ?
കാലം കണക്കായി വന്നെന്റെ
വഴികളില്‍ കൂര്‍ത്ത മുള്ള് പാകുന്നുവോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
മുതുക് വളച്ചെങ്ങും നിരക്കുന്നു.
അക്ഷൗഹിണികളായ് എന്നോട് നേര്‍ക്കുവാന്‍‍
വീണ്ടുമൊരു വ്യൂഹം ചമയ്ക്കുന്നു.

കൈത്താങ്ങിനൊരു മുളം കമ്പ് തേടുന്നു ഞാന്‍.
ഇടറുന്നു കാലുകള്‍, മിഴികളിരുളുന്നു...
എന്‍വഴി പാതിയെ കടന്നുള്ളൂ ഞാന്‍.
ലോകമേ പറയാതെ പറയുന്നു ഞാന്‍.
എന്‍ മനോവ്യഥകള്‍, ചിരിച്ചുതള്ളീടൊലാ...
അറിയാതെ ഒരു ഭ്രാന്തചിത്തം
കൊതിക്കുന്നു ഞാന്‍, അലറി
കരയുവാന്‍, ആര്‍ത്ത് ചിരിക്കുവാന്‍,
ആരെയെന്നില്ലാതെ അസഭ്യം പറയുവാന്‍.

കാലം ഇന്നെന്നോട് കനിവു കാണിക്കുമോ?
കണക്കിലിളവ് നല്‍കീടുമോ?

Thursday, May 23, 2013

കവിത - ഉണര്‍ത്തു പാട്ട്


ഉണര്‍ത്തു പാട്ട്

ഉണര്‍ത്തു പാട്ട് കേട്ടുവോ ?
ഉയിര്‍പ്പിനേറെ വൈകിയോ ?
സാരമില്ല സമയമേറെ
വൈകിയെന്നതവഗണിച്ചു
പോരുക സഖാക്കളെ
പോരിനായി ഇറങ്ങുക.

സമരവീര്യം ചോര്‍ന്നിടാത്ത
സംഘശക്തി കാട്ടി നാം
വര്‍ഗ്ഗബോധം കൈവിടാതെ
ചോര വീണ മണ്ണിലൂടെ
ധീര രക്തസാക്ഷികള്‍ക്കു
വിപ്ലവാഭിവാദനങ്ങള്‍ ചൊല്ലുക.

നിങ്ങള്‍ തന്ന നല്ല നാളെ
എന്ന സ്വപ്നം ഞങ്ങള്‍ കാക്കും,
നിങ്ങള്‍ തന്ന ചെങ്കൊടി,
നിങ്ങള്‍ തന്ന കൈവിളക്ക്
കൈവിടില്ല നിശ്ചയം
ജീവനുള്ള നാള്‍ വരെ.

ഉണര്‍ത്തു പാട്ട് കേട്ടുവോ ?
ഉയിര്‍പ്പിനേറെ വൈകിയോ ?
സാരമില്ല സമയമേറെ
വൈകിയെന്നതവഗണിച്ചു
പോരുക സഖാക്കളെ
പോരിനായി ഇറങ്ങുക.

Tuesday, May 21, 2013

കവിത - കിനാവിന്റെ ഉറവ്

കിനാവിന്റെ ഉറവ്

കഥയില്ലായ്മകളിലെ കഥ തേടി
നടന്ന ഒരു കുട്ടികാലം.
വസന്തത്തിന്റെ വഴിത്താരകളിലൂടെ
കിനാവിന്റെ ഉറവ് തേടി...
ഉറക്കത്തിലെപ്പോഴൊ കിനാവള്ളി
കാലുകളുടെ നനുത്ത സ്പര്‍ശം.
പേടി തോന്നിയിട്ടുണ്ട്, പക്ഷേ
സ്വപ്നങ്ങളുടെ ജന്മരഹസ്യം
തേടുന്നവനു ഭയം പാടുണ്ടോ ?
കണ്ണുകളിറുകെയടച്ച് മുറിഞ്ഞുപോയ
സ്വപ്നങ്ങള്‍ക്ക് പുറകെ വീണ്ടും,
എന്തിന് ? എനിക്ക് വേണ്ടത്
സ്വപ്നങ്ങള്‍ എത്തുന്നിടമായിരുന്നില്ല
കിനാവിന്റെ ഉറവ്....

Monday, May 20, 2013

കവിത - സാക്ഷി


 സാക്ഷി


പറയാതെ പോയത് പലതും
വെറും വാക്കുകള്‍ ആയിരുന്നില്ല.
എന്നിട്ടും മൗനം,
വാക്കുകളെ തടവിലാക്കി.
കനത്ത കന്മതിലുകള്‍ക്കപ്പുറം,
ഒരു നേര്‍ത്ത തേങ്ങല്‍.
വിലപ്പെട്ടതെന്തോ കവര്‍ന്നെടുത്ത
കാട്ടാളന്‍, കാടിനെയെരിക്കാന്‍
തീ തേടുകയായിരുന്നു.
നിസ്സഹായതയുടെ ചങ്ങലപ്പൂട്ട്
കുതറും തോറും മുറുകുകയാണ്.
തൊണ്ടയില്‍ ഗതിമുട്ടി മരിച്ച
നിലവിളിക്കും ഒരുപാട്
പറയുവാനുണ്ടായിരുന്നു.
പക്ഷേ, തെരുവോരത്ത്
ഒരു പാഴ്തുണികെട്ടിലെ
കുഞ്ഞുനിലവിളി പോലും
തന്നെ പിന്തുടരരുതെന്ന്,
തെറിവാക്കുകള്‍ക്കൊപ്പം
അല്‍പ പ്രജ്ഞയിലെപ്പോഴോ
കാതില്‍ വീണിരിക്കാം.
പറയാതെ പോയത് പലതും
വെറും വാക്കുകള്‍ ആയിരുന്നില്ല.
കാണാതെ പോയത് കെട്ടുകാഴ്ച്ചകളും.