Monday, March 17, 2014

കവിത - അവര്‍ സ്വപ്നത്തിലാണ്



അവര്‍ സ്വപ്നത്തിലാണ്

ഇരുളിന്‍ കയങ്ങളില്‍ ആണ്ടു
കിടപ്പാണ് ജീര്‍ണ്ണിച്ചു തുള
വീണ വിശ്വാസ നൗകകള്‍.
ദിക്കറിയാത്ത കപ്പിത്താന്‍മാരും
അന്ധരായ നാവികരും
മോഹനിദ്രയില്‍ സ്വപ്നം
കാണുന്നു; നങ്കൂരമിടേണ്ടുന്ന
സുവര്‍ണ്ണ തീരങ്ങളെപ്പറ്റി,
പാലും തേനുമൊഴുകുന്ന ഉറവ
വറ്റാത്ത നദികളെപ്പറ്റി,
തീരത്തു വളരുന്ന മധുരം
കായ്ക്കുന്ന വൃക്ഷങ്ങളെപ്പറ്റി,
പുണരാന്‍ കാത്തിരിക്കുന്ന
സ്വര്‍ഗ്ഗീയ സൗന്ദര്യധാമങ്ങളുടെ
അംഗ സൗഭഗങ്ങളെപ്പറ്റി...
അതേ... അവരിപ്പോഴും
സ്വപ്നം കാണുകയാണ്...
ഉണരാന്‍ കൂട്ടാക്കാതെ...

കവിത - കൃഷ്ണ


കൃഷ്ണ

മേഘവര്‍ണ്ണ നീയെന്നു കേള്‍ക്കെ
പണ്ട് ആര്‍ത്തലച്ചു പെയ്യാറുണ്ട്...
ഗോപീവല്ലഭനായ കണ്ണനും കരി-
നീലവര്‍ണ്ണമെന്നാശ്വസിക്കാറുണ്ട്...
ഏഴഴകാര്‍ന്ന എണ്ണകറുപ്പിന്റെ
ചാരുതയോര്‍ത്ത് അഭിമാനിക്കാറുണ്ട്...

വീണ്ടും, ആരൊക്കെയോ പറയുന്നു
വെളുപ്പാണ് സൗന്ദര്യമെന്ന്,
കറുപ്പാണ് വൈകൃതമെന്ന്,
നിറമില്ലാത്തത് പോരായ്മയെന്ന്,
ഒരിക്കലും കറുത്തവളെ കെട്ടാന്‍
ആണായൊരുത്തനും വരില്ലെന്ന്...

കമ്പോളങ്ങളില്‍ വെളുത്തമേനി-
ക്കുള്ളിലെ കറുത്ത മനസ്സുകള്‍
കാളക്കൂടം ചർദ്ദിക്കുമ്പോള്‍
കൃഷ്ണയ്ക്ക് വീണ്ടും മനസ്സു നോവുന്നു...
മിഴികള്‍ ആര്‍ത്തലച്ചു പെയ്യുന്നു
കെട്ടാപ്പെണ്ണായ് പുര നിറയുന്നു...

കവിത - ഒടുവിലെ കണ്ണികള്‍


ഒടുവിലെ കണ്ണികള്‍

എന്റെ നിന്റെയെന്നല്ലാം പകുത്തുത്
നമ്മുടേതെന്ന സത്യം മറന്നു നാം
സ്വന്തമാക്കിയതൊക്കെയും നഷ്ടങ്ങള്‍
ഇല്ലയൊന്നും മറിച്ചു ചൊല്ലീടുവാന്‍

കീഴടക്കുവാൻ, തോല്‍ക്കാതിരിക്കുവാന്‍
തമ്മില്‍ തമ്മിലെന്നും പൊരുതു നാം
വെറ്റി നേടിയില്ലിന്നീ നാള്‍ വരെ
തോല്‍വി മാത്രമാം നേടിയതൊക്കെയും

കൂട്ടമിട്ടാര്‍ത്തു കൊള്ളിവെയ്ക്കുവാനെത്തുന്ന
കള്ളക്കൂട്ടമായ് മാറിയതെന്തു നാം
ആര്‍ത്തി മാത്രം നയിക്കുന്നു നമ്മളെ
കാത്തിരിക്കുന്നു നഷ്ടങ്ങളെവിടെയും

വിത്തെടുത്തുണ്ണാന്‍ കൊതിപ്പൂണ്ടിരിപ്പവര്‍
പത്തായമെല്ലാം മുടിച്ചു കഴി‍ഞ്ഞു നാം
നമ്മള്‍ക്കു ശേഷമിനി പ്രളയമെന്നോ
നമ്മളൊടുവിലെ കണ്ണികള്‍ മാത്രമെന്നോ

കവിത - താന്തോന്നി


തെളിച്ച വഴിക്കൊന്നും നടക്കാത്ത
താന്തോന്നിയാണെന്റെ ജീവിതം.
അമ്പേ മടുത്തു ഈ ധിക്കാരം...
ജീവിതമേ ഇനി നീ നടക്കുക...
പിന്തുടരാം ഞാന്‍, മറ്റെന്തു മാര്‍ഗ്ഗം ?
എന്റേതായി പോയില്ലേ ജീവിതം !!!

കവിത - ദ്വീപുകള്‍


സ്നേഹരാഹിത്യത്തിന്‍ മഹാസമുദ്രങ്ങളില്‍
ഏകാന്തതയെ പുണരുന്ന ദ്വീപുകള്‍ നമ്മള്‍...
വെറുപ്പിൻ അങ്കനമിട്ട മുഴക്കോലുകളാല്‍
എന്നേ അളന്നുവെച്ച മനസ്സ് അകലങ്ങള്‍...
തെളിച്ചമില്ലാത്ത വികലചിന്തകളുമായി
വെളിച്ചമെവിടെന്ന് തിരയുമന്വേഷികള്‍...

കവിത - പഴയൊരു പ്രണയം





പഴയൊരു പ്രണയം


പറയാതെ പോയൊരു പ്രണയത്തിൻ
മധുവൂറും ഓര്‍മ്മകളിന്നലെ അറിയാതെ
വീണ്ടുമെന്‍ മനസ്സില്‍ വിരുന്നിനെത്തി.
ഒഴുകാന്‍ മറന്നൊരു പുഴപോലെയെന്‍
മനമെന്തിനോ നിശ്ചലം നിന്നുപോയി.
കുട്ടാടംപാടത്തു കിളിയാട്ടുംപെണ്ണിന്റെ
കൈവളക്കിലുക്കം തിരഞ്ഞു പോയി.
കൊയ്ത്തരിവാളുമായ് കൂട്ടരുമൊത്തവള്‍
കതിര്‍കൊയ്യും പാടത്ത് ചെന്നുനിന്നു.
ഓര്‍മ്മകള്‍ക്കെന്തു മധുരമെന്നോ സഖീ
ഒടുവില്‍ നിറംപോയ നിശ്ചലദൃശ്യമായ്
നിന്‍ ഓര്‍മ്മകള്‍ മാത്രം അവശേഷിക്കെ.
പറയാതെ പോയൊരു പ്രണയത്തിൻ
മധുവൂറും ഓര്‍മ്മകളിന്നലെ അറിയാതെ
വീണ്ടുമെന്‍ മനസ്സില്‍ വിരുന്നിനെത്തി

Wednesday, January 29, 2014

കവിത - മുഖംമൂടികള്‍


മുഖംമൂടികള്‍

മുഖംമൂടികളേറെ കിട്ടാനുള്ളപ്പോള്‍
ഒരു മുഖത്തിനെന്തു പ്രസക്തിയെന്ന്
മുഖം നഷ്ടപ്പെട്ടവന്‍...
മുഖംതിരിച്ചു നടക്കുംമ്പോള്‍
എതിരെ വരുന്നു...
വെളുക്കെ ചിരിക്കുന്ന മുഖംമൂടി
അണിഞ്ഞ ഒരുവന്‍
കൂടെ അലറികരയുന്ന മുഖംമൂടി
അണിഞ്ഞ ഒരുവള്‍
പക്ഷേ അവര്‍ നിശബ്ദരായിരുന്നു...
പതുക്കെ കൺമുന്നില്‍ നിന്ന്
അവര്‍ മാഞ്ഞുപോകുന്നു...
അതാ... ഒരു ചത്തമീനിന്റെ
നിര്‍വികാരമായ മുഖംമൂടിയണിഞ്ഞ
ഒരുകൊച്ചു പെൺകുട്ടി...
സ്വരംതാഴ്ത്തി ഞാന്‍ ചോദിച്ചു
കുഞ്ഞേ, നിന്റെ മുഖം ?
അവള്‍ പറഞ്ഞു...
മുഖം തേടുന്നതെന്തിന്,
കാണുന്നില്ലേ, മറ്റെല്ലാമുണ്ടല്ലോ !!
തിരിച്ചു നടക്കേ അവള്‍
പറയുന്നുണ്ടായിരുന്നു...
തിളക്കമുള്ള ഒരു മുഖംമൂടി
മറക്കാതെ ഓര്‍ത്തുവെച്ചതിന്
കച്ചേരിയിലെ വിസ്താരക്കൂട്ടില്‍
മുഖം നഷ്ടപ്പെട്ടവളാണ് ഞാന്‍...


Tuesday, January 21, 2014

കവിത - ബ്രഹ്മപുത്രി സന്ധ്യ


ബ്രഹ്മപുത്രി സന്ധ്യ

അരുണാഭമാം സന്ധ്യയെന്തിത്രയും
ശോകംപൂണ്ടു തന്നിലേയ്ക്കൊതുങ്ങുവാന്‍,
എന്തിത്ര തപിക്കുവാന്‍ ഓമലേ
കാണെക്കാണെ നിന്മുഖമിരുളുവാന്‍ ?

ആരെയോ ഭയപ്പെട്ട് പെട്ടന്നുപോയ്
ഒളിക്കുവാന്‍ തിടുക്കപ്പെടും പോല്‍ നീ
ഇരുളില്‍ അലിയുമ്പോഴെന്‍ മനസ്സില്‍
ഉദിക്കുന്നു നിനവുപോലൊരു പഴംങ്കഥ.

സൃഷ്ടി തന്നാരംഭത്തില്‍ വിണ്ണുമീ
മണ്ണുമെല്ലാം ചിതം പോല്‍ തീര്‍ത്തു
ദേവന്‍ നാന്മുഖന്‍ നൊടിക്കുള്ളില്‍
ഓര്‍ക്കില്‍ എത്രയും വിചിത്രമായ്.

ഈരേഴുലകവും തീര്‍ത്തോരുശേഷം
ദേവന്‍ കമലോത്ഭവന്‍ താനുമുള്ളാലെ
നിരൂപിച്ചു ഇരവെന്ന് പകലെന്ന്
ദിനത്തെ രണ്ടാക്കി ചമയ്ക്കുവാന്‍.

ദിനരാത്ര സംക്രമവേളകള്‍ സംഭ്രമ-
മുളവാക്കും പോലിരിക്കയാല്‍ ദേവന്‍
വിരിഞ്ചനും ചിന്തയെ പൂണ്ടൊടുവില്‍
നിര്‍മ്മിച്ചാനുഷസ്സിനെ, സന്ധ്യയെ.

പ്രിയ സൃഷ്ടിയാം നിന്നെ കാണ്‍കേ
പിതാവാം ദേവനും കാമാതുരനായാന്‍
പുത്രിയെന്നുള്ളതോരാതെ കശ്മലന്‍
ഗാഢം രതിചിന്തയാല്‍ പുണരവെ

ദുര്‍മ്മദമിതരുതെന്നുരച്ചു ബലിഷ്ടമാം
കൈത്തട്ടി മാറ്റികൊണ്ടൊരു മാന്‍
പേടയായ് വേഷംപൂണ്ടു നീ കുതിച്ചതും,
നാന്മുഖന്‍ മാനായ് നിന്നെ പിന്തുടര്‍ന്നതും

കണ്ടു ഭഗവാന്‍ നാരായണന്‍ ചക്രത്തെ
അയച്ചതിന്‍ കണ്ഠത്തെ ചേദിച്ചതും
മാര്‍ഗ്ഗ ശീര്‍ഷമങ്ങാകാശത്തു മകൈര്യം
നക്ഷത്രമായുദിച്ചതും ഓര്‍ത്തുപോയ്...