Sunday, February 1, 2015

കവിത - കവിത


കവിത

വെന്നതും, കൊന്നതും, വേട്ടതും
ആയിരുന്നു ആദിയിലെ കവിത.
കൂട്ടത്തില്‍ ചൊന്നതും,
ചൊല്ലിച്ചതുമുണ്ടായിരുന്നു.
പറഞ്ഞതും, പറയാതെ പറ‍ഞ്ഞതും.

നദികള്‍ ഒഴുകി കൊണ്ടേയിരുന്നു...

പിന്നെ പിന്നെ കണ്ടതും,
കേട്ടതും കവിതയായി.
ഒപ്പം കാണാത്തതും,
കേള്‍ക്കാത്തതുമുണ്ടായിരുന്നു.
പ്രേമിച്ചതും, വഞ്ചിച്ചതും,
കരിപുരണ്ടതും, കണ്ണീരിന്റെ
നനവുള്ളതുമുണ്ടായിരുന്നു.

നിള വരണ്ടു കഴി‍ഞ്ഞിരുന്നു...

പോകെ പോകെ തൊട്ടതും,
പിടിച്ചതും, ഭോഗവും,
രതിമൂര്‍ച്ഛയും കവിതയായി.
കടങ്കഥകള്‍ ചിറക് മുളച്ച്
കവിതകളായി പറന്നു നടന്നു.

നൂറ്റാണ്ടുകള്‍ക്കപ്പുറത്തിരുന്ന് ചരിത്ര
കുതുകിയായൊരു ഗവേഷകന്‍ മൊഴിയുന്നത്
നമുക്ക് കേള്‍ക്കാം...
കാതോര്‍ക്കൂ...

"ഇവിടെ ജല സമൃദ്ധമായ
നദികള്‍ ഉണ്ടായിരുന്നു,
ഒരു ജനതയുണ്ടായിരുന്നു,
സ്വന്തമായൊരു സംസ്കാരവും,
ഭാഷയും, സാഹിത്യവുമുണ്ടായിരുന്നു.
വിചിത്രമായ ലിപികളും...

വീണ്ടെടുക്കപ്പെട്ട വിചിത്ര
ആലേഖനങ്ങളില്‍ ചിലതില്‍
ഇടത്തു നിന്ന് ആരംഭിച്ച്
വലത്തോട്ട് പോകെ
പലയിടങ്ങളില്‍ നിരതെറ്റി
അവസാനിക്കുന്നവ
കവിതകള്‍ ആയിരുന്നിരിക്കണം...”

No comments:

Post a Comment