Saturday, June 22, 2013

കവിത - ആല്‍മരങ്ങള്‍


ഉയര്‍ന്ന സിംഹാസനങ്ങളില്‍ ഒന്നില്‍
ഇരിപ്പുണ്ട് ഒരാള്‍
വിളര്‍ത്തമുഖവും, ഇടറുന്ന ശബ്ദവുമായി...
അയാള്‍ക്കായി മാത്രം തണലേകുന്ന
ഒരു കൂറ്റന്‍ ആല്‍വൃക്ഷവും പേറി.
കൂട്ടിനുണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്ന
പൂച്ചകളെ പോലെ ചിലര്‍,
ആല്‍ മരത്തണല്‍ സ്വന്തമായുള്ളവര്‍...
ആലുകള്‍ വളര്‍ന്നേറി സഭാ
മന്ദിരത്തിന്റെ ഉത്തരം മുട്ടിയിരിക്കുന്നു.
അതിനെന്ത് ? ഉത്തരം മുട്ടിയാല്‍
കൂട്ടായി കൊഞ്ഞനം കുത്തും.
അവരാണോ കൊഞ്ഞാണന്‍മാര്‍ ?
ചോദിച്ചേക്കരുത് ഇത്തരം ചോദ്യങ്ങള്‍
ബ ബ്ബ ബ്ബാ എനിക്കത്ര വശമില്ല !
പക്ഷേ ചിലതറിയാം....
അന്നം കിട്ടാതെ മരിച്ചുപോയ
ആദിവാസി കുഞ്ഞുങ്ങളുടെ തൊണ്ടയില്‍
കുരുങ്ങിയ ചില ചോദ്യങ്ങള്‍.
അധികാരി വര്‍ഗ്ഗത്താല്‍ കശക്കിയെറിയപ്പെട്ട
പെങ്ങന്മാരുടെ നിസ്സഹായതയാര്‍ന്ന മൗനം.
കുറ്റവാളികള്‍ നേതൃത്ത്വം കൊടുത്ത
അന്വേഷണ പ്രഹസനങ്ങളില്‍ നീതി കിട്ടാതെ
കൂടുതല്‍ ചവിട്ടിയരയ്ക്കപ്പെട്ട ചിലരുടെ ദൈന്യം.
വേലികള്‍ തിന്നു തീര്‍ത്ത വിള നോക്കി
നെടുവീര്‍പ്പിടുന്നവരുടെ പ്രതീക്ഷയറ്റ കണ്ണുകള്‍.

നിര്‍ത്താതെ പൊലിയ്ക്കണം ചുങ്കപ്പണം.
ആലുകള്‍ക്ക് വളമാകട്ടെ !
ഇനിയുമിനിയും വളരട്ടെ മാനം മുട്ടെ !