Wednesday, November 27, 2013

കവിത - അസ്തമയം.


 അസ്തമയം
 
ശോണമാം മുഖത്തോടെ
വിടയും ചൊല്ലിക്കൊണ്ടു
ദിനകരന്‍ സമുദ്രത്തില്‍
മെല്ലെപോയ് മറയുമ്പോള്‍
പ്രിയതമേ നീയുണ്ടാകും
ഉമ്മറക്കോലായിലെ തിണ്ണയില്‍
എന്നെയും പ്രതീക്ഷിച്ച്
അക്ഷമയുണ്ടാമല്‍പ്പം
ആ മുഖത്തറിവൂ ഞാന്‍
നിനയ്ക്കാതെന്നെ കാണ്‍കേ
നിന്‍മുഖ കമലത്തില്‍
കാണ്‍മൂ ഞാന്‍ സൂര്യോദയം...

കവിത - നിലാവത്ത്

നിലാവത്ത്

നിലാവത്ത് നാട്ടിടവഴികളില്‍
നിഴലും വെളിച്ചവും കണ്ണ്‍-
പൊത്തികളിക്കുമീ വേളയില്‍
വെറുതെയീ മാനത്തെ ചിത്ര-
പ്പണികളും കണ്ടുകൊണ്ടിന്നെന്റെ
മുറ്റത്ത്‌ ചുമ്മാ ഉലാത്തവേ
ഒരു ചിന്തയിന്നെന്റെ മനസ്സില്‍
വന്നെത്തി നോക്കുന്നു ഭ്രാന്തമായ്
കവിതതന്‍ അണ്ഡങ്ങള്‍ ഒത്തിരി
അടവെച്ച്‌ വിരിയിച്ചു വാനിലീ
നക്ഷത്ര ജാലങ്ങള്‍ക്കൊപ്പം പറത്തണം
അമ്പിളിക്കലയെ ചെന്നിക്കിളി കൂട്ടണം
താഴെയീ മണ്ണില്‍ നിന്നതു കണ്ടു,
കണ്ടെനിക്കൊത്തിരി നേരമിരു-
കൈകളും കൊട്ടി പൊട്ടിച്ചിരിക്കണം

കവിത - പല്ലിയും, വെൺചിതലും.

പല്ലിയും, വെണ്‍ചിതലും


നിലംപൊത്തിയ ഉത്തരത്തിന്റെ
മുകളിലിരുന്നൊരു പല്ലി
കുറ്റബോധത്താൽ തല
തല്ലി കരയുന്നുണ്ടായിരുന്നു
"
എന്റെ പിഴ, എന്റെ വലിയ പിഴ"ഉത്തരത്തിനകത്ത് പണ്ടെന്നോ
ബഷീറിനെ തിന്ന ഒരു
വെണ്‍ചിതൽ തലയറഞ്ഞ്
ചിരിച്ചു പറയുന്നുണ്ടായിരുന്നു
"
എട്ടുകാലി മമ്മൂഞ്ഞെന്ന്"

Wednesday, November 6, 2013

കവിത - പാഴ്മരം.


 പാഴ്മരം

ജീര്‍ണ്ണിച്ചു തുടങ്ങിയ വേരുകള്‍
വൃദ്ധന്റെ പൊന്തിയ തോളെല്ലുകള്‍
പോലെ ഭൂമിയുടെ ആവരണമില്ലാതെ
നഗ്നമായി പുറത്തേയ്ക്ക് ഉന്തിയിരുന്നു...
എന്നിട്ടും ശുഷ്കിച്ച ഇലപടര്‍പ്പു-
കളുമായി ഈ നടപ്പാതയോരത്ത്
മറ്റുള്ളവര്‍ക്ക് തണലായ് ഇനിയും
ഇടറാത്ത തടിയുമായി എത്രനാള്‍ ?
വെറുമൊരു "പാഴ് മര"മെന്ന പേര്
കൊണ്ടു മാത്രം ആയുസ്സ് തീരുംവരെയ്ക്കുമീ
മണ്ണില്‍ നില്‍ക്കാന്‍കഴിഞ്ഞവന്‍,
കോടാലി മൂര്‍ച്ചയറിയാതിരുന്നവന്‍...
മധുരം കായ്ക്കാത്തതു കൊണ്ട് മാത്രം
കല്ലേറേല്‍ക്കാത്ത കൊമ്പുമായ് നിന്നവന്‍.
മനം മയക്കുന്ന ഗന്ധമോ,
ദൃഢതയാര്‍ന്ന മനോഹാരിതയോ
ഇല്ലാത്തതു കൊണ്ട് മാത്രം
നിര്‍ഗുണനെന്നിരിക്കിലും ഏവര്‍ക്കുമൊരു
തണലായ് നില്‍ക്കാന്‍ കഴിഞ്ഞവന്‍.
അതിജീവിക്കുമെന്നുറപ്പില്ല, ഇനിയുമൊരു
മീനച്ചൂടോ, കാലവര്‍ഷക്കാറ്റോ...
എങ്കിലുമേറെ കൃതാര്‍ത്ഥനാണിന്നു ഞാന്‍.
മധുരമായ് പാടിയ ഒരുപാട് കിളികള്‍
എന്റെ ശാഖികളെ താവളമാക്കിയിരുന്നു.
വെയിലേറ്റു വാടിയ കുസൃതിക്കുരുന്നുകള്‍ക്കും,
വഴിയേറെ നടന്ന് തളര്‍ന്നവര്‍ക്കും,
വിഷു കഴിഞ്ഞ് വേനല്‍ മഴയില്‍
കുതിര്‍ന്ന കന്നിമണ്ണില്‍ വിത്ത്
വെയ്ക്കാനെത്തുന്ന കര്‍ഷകര്‍ക്കും
ഒരു "വൃക്ഷായുസ്സ്" മുഴുവന്‍
തണലായ് നിന്നല്ലോ ഞാന്‍.

കവിത - ഒറ്റമരം.




 ഒറ്റമരം

വിശാലമീ പുല്‍മേട്ടിലെന്നും
ഒരൊറ്റ മരമായി നില്‍പ്പാണ്
മുളപൊട്ടിയ നാള്‍ മുതല്‍...

എനിക്കെന്നും ഈ
ഏകാന്തത മാത്രം സ്വന്തം...

പച്ച തലപ്പുകള്‍ നീട്ടി
കാറ്റിനൊപ്പിച്ച് തളിര്‍
ചില്ല ക്കൈകളാല്‍ മാടി
വിളിക്കുന്നുണ്ട് നോക്കെത്താ
ദൂരത്തൊരു പെരുങ്കാട്...

ഭൂമിയുടെ ആഴങ്ങളില്‍
കുടിനീര് തേടുന്ന തായ്
വേരും പറിച്ച് കുതറി
ഓടണമെന്നുണ്ട് കൂട്ടായ്മയുടെ
ആ വാഗ്ദത്ത ഭൂമിയിലേയ്ക്ക്...