Thursday, August 29, 2013

കവിത - ഉണ്ണീ കരുതുകയല്പം.


 കരുതുകയല്പം


കണ്ണു തുറക്കണമുണ്ണീ നീയെന്‍
കൈവിരല്‍ തുമ്പ് പിടിച്ചു നടക്കും
കാലം പോയതു കണ്ടറിയേണം.
കഥയില്ലായ്മകള്‍ പലതുണ്ടിവിടെ
കലികാലത്തിന്‍ കോലംകെട്ടുകള്‍.
കാലക്കേടിന് നാടിതില്‍ തന്നെന്‍
കുഞ്ഞായ് വന്നു പിറന്നൂ നീയും.
കൺമണിയാകിന നിന്നെ കാക്കാന്‍
കരബലമെന്നുടെ പോരെന്നുള്ളൊരു
കാര്യവിചാരം തോന്നീടുന്നു.
കുഞ്ഞേ നിന്നുടെ കൂടെ നടക്കും
കൂട്ടരെയെല്ലാം കരുതുകയല്പം
കൈതവമല്ല പറഞ്ഞു തരുന്നൂ.
കള്ളന്മാരും കൊള്ളക്കാരും
കുടിലത പെരുകിയ നീചന്മാരും
കുറുനരിമുഖമിന്നുള്ളിലൊതുക്കി
കുഞ്ഞാടിന്‍ തൊലിയിട്ടീടുന്നു.
കൂട്ടുംകൂടി തക്കം പാര്‍ത്തവര്‍
കുരലു കടിച്ചു പറിച്ചാ കുരുതി
കുടുകുടെയെന്നു വലിച്ചു കുടിക്കും.
കരുതിയിരിക്കുക കുഞ്ഞേ നിന്നുടെ
കൂടെ നടക്കാനാവില്ലിനിമേല്‍
കായവുമൊട്ടു വഴങ്ങുന്നില്ല,
കാലനുമെന്നെജയിക്കാറായി.
കാലംചെയ്യും നേരത്തിനിയിതു
കാതില്‍ ചൊല്ലാനായില്ലെങ്കില്‍
കല്മഷമുണ്ടാം അതുപോക്കാനായി
കാലേതന്നെ പറഞ്ഞീടുന്നു.
കുഞ്ഞിക്കണ്ണു കലങ്ങി കണ്ടാല്‍
കണ്ണേ ഒട്ടുസഹിക്കുകയില്ല.
കണ്ണു തുറക്കണമുണ്ണീ നീയെന്‍
കൈവിരല്‍ തുമ്പ് പിടിച്ചു നടക്കും
കാലം പോയതു കണ്ടറിയേണം.

Thursday, August 1, 2013

കവിത - രാജാവ് നഗ്നനാണ്.

രാജാവ് നഗ്നനാണ്


രാജാവ് നഗ്നനാണ്
പകല്‍ വെളിച്ചം പോലെ സത്യം...
അങ്ങേയ്ക്കു നഗ്നനായിതുടരാമെങ്കില്‍
ഞങ്ങള്‍ വിളിച്ചു പറഞ്ഞാലെന്ത് ?
പച്ചയ്ക്കു കണ്ടതിനേക്കാള്‍ മാനഹാനിയോ
ഞങ്ങള്‍ കണ്ടത് പറഞ്ഞാല്‍ ?

വേലക്കാരെന്നാല്‍ അടിമകളെന്ന്,
നെറിക്കേട് കണ്ടാലും
നാവാടാതിരിക്കേണ്ടവരെന്ന്,
നട്ടാല്‍ കുരുക്കാത്ത നുണകളെ
നേരെന്ന് പുകഴ്ത്തേണ്ടവരെന്ന്
അങ്ങയെ പഠിപ്പിച്ചതാരാണ് ?

സൗരോര്‍ജ്ജ പാനലുകളേക്കാള്‍
പരുപരുത്ത ഖദര്‍തുണി തന്നെയാണ്
നാണം മറയ്ക്കാന്‍ നല്ലതെന്ന്,
ഉള്ളിലെ ദൂഷ്യം മറയ്ക്കാന്‍ നല്ലതെന്ന്
അങ്ങ് മറന്ന് പോയതെന്ത് ?

തിരുവുള്ളക്കേടുണ്ടാവരുത് !
കോപിക്കരുത് !
മദ്യപിക്കുന്ന അമ്മമാരുടെ
അന്നം കഴിക്കാന്‍ കൂട്ടാക്കാത്ത
കുഞ്ഞുങ്ങളെ പോലെ
ഞങ്ങളുടെ കുഞ്ഞുങ്ങളും, വയ്യ !!!