Saturday, October 5, 2013

കവിത - മാര്‍ഗ്ഗം, ലക്ഷ്യം... ഒരു സ്വപ്നം.


മാര്‍ഗ്ഗം, ലക്ഷ്യം - ഒരു സ്വപ്നം



വഴികളുണ്ടൊരായിരം
എനിക്കു മുന്നിലിങ്ങനെ
അനന്തമായ്, വിശാലമായ്
നടന്നു തേഞ്ഞു തീര്‍ന്നവ.



നടക്കയില്ല, ഞാനതില്‍
നടന്നുവെന്നിരിക്കിലും
നേടുകില്ല വിജയമെന്ന്
ഉരച്ചിടുന്നിതെന്‍ മനം.



എന്റെ ലക്ഷ്യമുന്നതം
നേടി തന്നെയാകണം
അലസനായിരിക്കയില്ല
ലക്ഷ്യപൂര്‍ത്തി നേടുവന്‍.



കൂര്‍ത്തകല്ല്, മുള്ളിതെല്ലാം
പുല്ലുപോലെ അവഗണിച്ചു
പരുപരുത്ത പുതിയ പാത,
വിജയപാത തീര്‍ത്തിടും.



തോറ്റു തോറ്റു ജീവിതം
നയിക്കുമെന്റെ ജനതയെ
കൈപിടിച്ചുയര്‍ത്തുവാന്‍
ലക്ഷ്യ പ്രാപ്തിയേകുവാന്‍



കുംഭകോണം, അഴിമതി,
സ്വജന പക്ഷപാതവും,
അധിനിവേശ ശക്തികള്‍ക്കു
വിടുപണിയും നിര്‍ത്തണം



അനേക കോടി യുവ
ജനങ്ങള്‍ തൊഴിലുതെണ്ടി
പാരിലെങ്ങും അലയുമീ
അവസ്ഥ പാടെ മാറണം



ശ്വാനതുല്യം മര്‍ത്ത്യനെ
കൊന്നൊടുക്കുമെന്നുരയ്ക്കും
ചീഞ്ഞളിഞ്ഞദുഷ്പ്രഭുത്വ
കോട്ടകള്‍ തകര്‍ക്കണം



മതത്തിന്‍ പേരില്‍ ദുര്‍മ്മദം,
കുലത്തിന്‍ പേരില്‍ ദുര്‍മുഖം,
രൗദ്ര ഭാവമാര്‍ന്നിരിക്കേ
ദൈവമെന്തിത് അന്ധനോ ?



അന്ധകാര ശക്തികള്‍ക്കു
താവളങ്ങള്‍ മാത്രമീ
ആലയങ്ങള്‍ എന്തിനീ
പുണ്യഭൂവില്‍ നില്‍ക്കണം ?



മനസ്സു പങ്കുവെയ്ക്കുവാന്‍
മതങ്ങള്‍ തീര്‍ത്ത വന്മതില്‍
പൊളിക്കണം നമുക്കിനി
നന്മയെന്നൊരേ മതം.



No comments:

Post a Comment