Wednesday, November 6, 2013

കവിത - പാഴ്മരം.


 പാഴ്മരം

ജീര്‍ണ്ണിച്ചു തുടങ്ങിയ വേരുകള്‍
വൃദ്ധന്റെ പൊന്തിയ തോളെല്ലുകള്‍
പോലെ ഭൂമിയുടെ ആവരണമില്ലാതെ
നഗ്നമായി പുറത്തേയ്ക്ക് ഉന്തിയിരുന്നു...
എന്നിട്ടും ശുഷ്കിച്ച ഇലപടര്‍പ്പു-
കളുമായി ഈ നടപ്പാതയോരത്ത്
മറ്റുള്ളവര്‍ക്ക് തണലായ് ഇനിയും
ഇടറാത്ത തടിയുമായി എത്രനാള്‍ ?
വെറുമൊരു "പാഴ് മര"മെന്ന പേര്
കൊണ്ടു മാത്രം ആയുസ്സ് തീരുംവരെയ്ക്കുമീ
മണ്ണില്‍ നില്‍ക്കാന്‍കഴിഞ്ഞവന്‍,
കോടാലി മൂര്‍ച്ചയറിയാതിരുന്നവന്‍...
മധുരം കായ്ക്കാത്തതു കൊണ്ട് മാത്രം
കല്ലേറേല്‍ക്കാത്ത കൊമ്പുമായ് നിന്നവന്‍.
മനം മയക്കുന്ന ഗന്ധമോ,
ദൃഢതയാര്‍ന്ന മനോഹാരിതയോ
ഇല്ലാത്തതു കൊണ്ട് മാത്രം
നിര്‍ഗുണനെന്നിരിക്കിലും ഏവര്‍ക്കുമൊരു
തണലായ് നില്‍ക്കാന്‍ കഴിഞ്ഞവന്‍.
അതിജീവിക്കുമെന്നുറപ്പില്ല, ഇനിയുമൊരു
മീനച്ചൂടോ, കാലവര്‍ഷക്കാറ്റോ...
എങ്കിലുമേറെ കൃതാര്‍ത്ഥനാണിന്നു ഞാന്‍.
മധുരമായ് പാടിയ ഒരുപാട് കിളികള്‍
എന്റെ ശാഖികളെ താവളമാക്കിയിരുന്നു.
വെയിലേറ്റു വാടിയ കുസൃതിക്കുരുന്നുകള്‍ക്കും,
വഴിയേറെ നടന്ന് തളര്‍ന്നവര്‍ക്കും,
വിഷു കഴിഞ്ഞ് വേനല്‍ മഴയില്‍
കുതിര്‍ന്ന കന്നിമണ്ണില്‍ വിത്ത്
വെയ്ക്കാനെത്തുന്ന കര്‍ഷകര്‍ക്കും
ഒരു "വൃക്ഷായുസ്സ്" മുഴുവന്‍
തണലായ് നിന്നല്ലോ ഞാന്‍.

No comments:

Post a Comment